Monthly Archives: ജൂലൈ 2012

സ്ഥലനാമിക

സ്ഥലനാമിക

ഒരു നാടിന്‍ പേര്‌
ഓര്‍മ്മയിഴകള്‍ മുറിയാതെ
പിറകൊണ്ടു പുലരുന്നു,
വിദൂരകാലത്തൂന്ന്‌ തൊടുന്നെന്നെ.
ദേവചരിതമോ,വീരേതിഹാസമോ,
ഭൂവിശേഷമോ,കരിങ്കഥനമോ,
സര്‍ക്കാര്‍വക പോലുമോ
സ്ഥലനാമമൊന്നു ചാര്‍ത്താം.
പ്രതീതസൌഹൃദങ്ങളീക്കാലത്ത്‌
വാഴ്‌വിടങ്ങളെ അപ്രസക്തമാക്കുന്നു.
ശരീരദാഹങ്ങള്‍ക്കൊഴിച്ചാല്‍
സ്പര്‍ശ്യസാമീപ്യം വേണ്ടയൊട്ടും.
അങ്ങനെ സ്ഥലനാമങ്ങള്‍
പുതിയൊരു നിര്‍മ്മിതി തേടുന്നു.
നാടിന്‍ പേരുചേര്‍ത്ത്‌
ചതഞ്ഞരഞ്ഞ പെണ്ണിതളുകളെ
വിളിക്കാനതാണ്‌ വ്യാകരണം.
അങ്ങനെ കുറിക്കുമ്പോള്‍, ആ നാട്‌
വീടു,മവളുടെ കളിത്തട്ടുകളും
മധുരവായുവും,കിന്നരിക്കും തൊടിയും
ചേര്‍ത്തല്ല നാമറിയുന്നത്‌;
അവളെന്നൊരുടല്‍ ഭോഗബലിക്കായ്‌
ആദ്യമായ്‌ വലിച്ചിറക്കപ്പെട്ടയിടമെന്നാണ്‌.
jayant 29.07.12,thumpoly 
Advertisements

വ്യോമയാനം

വ്യോമയാനം

പറക്കുവാന്‍ കൊതി മാത്രമല്ല
ആകാശയാത്രയ്ക്കിടയായ്‌
ഭൂതലം മടുത്തതുമുണ്ട്‌;
കയറ്റിറക്കങ്ങളുടെ ദുര്‍മുഖം,
നിത്യദൈന്യത്തിന്‍ തമോമുഖം,
പണപ്പെരുക്കത്തിന്‍ തീയമുഖം-
മടുക്കുവാനിനിയുമെത്ര കാരണങ്ങള്‍.
ഗഗനവീഥിയില്‍ ഭൂതലം
ഒരു താഴ്ത്തലം മാത്രം,
സര്‍വ്വഭേദങ്ങളും ഞെരിച്ചടക്കിയ
സമതയുടെ ദ്വിമാനതലം,
കാഴ്ചയിണങ്ങിയൊരു ചിത്രതലം,
നിലം തൊടുമ്പോള്‍ വീണ്ടുമുയിര്‍-
കൊള്ളും ആ ത്രിമാന വേദി,
ഭീതിയുണര്‍ത്തും മന്ത്രഭൂമി.
jayant 27.07.12,thumpoly 

തൊട്ടില്‍മരണങ്ങള്‍

തൊട്ടില്‍മരണങ്ങള്‍

കിഴവെത്തിയാല്‍ മരണം
ഏതുവഴി വന്നുകൂടാ?
എങ്കിലും, മരണം വരുന്നെങ്കില്‍
ആരുമറിയാതെ വേണ്ട;
ഉണ്ണീ, നീ കൂട്ടുകിടക്ക
നിന്‍ പിതമഹനൊപ്പം;
ഇരവിലൊരെക്കിട്ടമായ്‌ പ്രാണന്‍
പറിഞ്ഞാല്‍,അറിയാന്‍,
പറ്റിയാല്‍ ഒരു തുള്ളിയിറ്റിക്കാന്‍,
ചാവിന്‍ തണുവേറും മുമ്പ്‌
ഇമയടയ്ക്കാന്‍, ഉടല്‍ നിവര്‍ത്താന്‍.
ഇത്രയൊക്കെയേല്‍പിച്ചിട്ടുമൊടുക്കം
മൂത്തോരു നിന്നിട്ടും, ഇവടടിയുന്ന
ശവക്കച്ചകള്‍,ഉണ്ണീ, നിന്നെ പുതച്ചവ;
തിടുക്കത്തിലകാലം പൂകി
വിഗതിയായ്‌, വിഗതമായ്‌-
ശിഷ്ടമിവിടെ കനംവച്ച വഴിക്കണ്ണുകള്‍.
jayant 27.07.12,thumpoly 

വീട്ടകത്തെ തൂവച്ചെടികള്‍

വീട്ടകത്തെ തൂവച്ചെടികള്‍1
ആദിനരന്‍ കൈനീട്ടിത്തന്നയാ പച്ചില
കാലവീഥിയ്ക്കിടെ നിന്നൊരാള്‍ വാങ്ങി-
യടക്കി പുസ്തകത്താളിടുക്കില്‍.
പിന്നെയിന്നലെയത്‌ നീര്‍ത്തിനോക്കുമ്പോള്‍
പഴന്താളില്‍ പച്ചപ്പമര്‍ന്നിട്ടും,
ഇലയുണ്ടതില്‍ അന്യോന്യബന്ധത്തിന്‍
പടര്‍പ്പായ്‌, ഞരമ്പോട്ടമായ്‌.
(I)
മന്ത്രകോടിയില്‍ സ്വപ്നങ്ങള്‍ പൊതിഞ്ഞ്‌
അവള്‍ പടികടന്നകത്തേറി
ആ ചേലയുടുത്താണൊടുക്കം മടങ്ങാത്ത
പടിയിറക്കമെന്നുമവളന്നു പറഞ്ഞു. 2
കാലാന്തരേ, മുടങ്ങിയ സ്വപ്നങ്ങളെ
തഴുകുമ്പോള്‍,ദ്രവിച്ച പട്ടിന്‍പൊടി
കയ്യില്‍ പുരളുന്നതവല്‍ കണ്ടുനിന്നു.
(II)
നീര്‍വറ്റിയുണങ്ങി വിണ്ടു-
കീറിയ കണ്‍തലങ്ങളെ
വിയര്‍പ്പിന്‍ കുതിപ്പ്‌ നീറ്റുന്നു;
ധൂമപടലങ്ങളിലവന്‍ പരതുന്നു-
“എന്‍ കിടാങ്ങളെ കൈതെറ്റിക്കൊടുക്കവയ്യ”
എന്നിട്ടും, വിരലടര്‍ത്തിയവരകലുമ്പോള്‍
അവന്‍ തണ്റ്റെ പിഴകളെണ്ണിത്തുടങ്ങുന്നു.
(III)
ഒരു കുഞ്ഞിന്‍ ചിരിയിലും
കാമം ഗ്രഹിക്കുന്ന പുതുഭാഷയുണ്ടിവിടം.
അതും മൊഴിഞ്ഞീ പെണ്ണാളെ
തൊലിയോളമുരിക്കുമ്പോളാ
വിങ്ങലില്‍ തിളങ്ങുമൊരു മറുഭാഷ:
“തൊലിക്കീഴെ, ഞാന്‍ ഇരയും
നീ വേടനുമാകും വേര്‍തിരിവില്ല. “
(IV)
നാള്‍വഴിപുസ്തകക്കെട്ടിന്‍-
മേലുറങ്ങിയ കണ്ണട
കാറ്റിളക്കത്തില്‍ തെറിച്ചുടഞ്ഞു;
മറിയുന്ന പുറങ്ങളില്‍
അക്ഷരംതാങ്ങി വരകള്‍
ആകെ കനത്തു ചുവന്നു,
ചെയ്തിട്ട തെറ്റിനെ കുറിച്ചു.


1.തൂവച്ചെടി: ചൊറിയാണം എന്ന ചെടി
2.മന്ത്രകോടി:ദാമ്പത്യബന്ധത്തിണ്റ്റെ അടയാളമായി നല്‍കപ്പെടുന്ന ഒരു പട്ടുചേല.മൃതസംസ്കാരസമയത്ത്‌ തങ്ങളെ പുതപ്പിക്കാനായ്‌ ചില ക്രിസ്ത്യാനിപ്പെണ്ണുങ്ങളെങ്കിലും ഇതു സൂക്ഷിച്ചുവയ്ക്കുന്നു.

jayant 2011,marygiri

പിതൃകാമേഷ്ടി

പിതൃകാമേഷ്ടി
എനിക്കൊരു കുഞ്ഞു പിറന്നു,
ഒരു പെണ്‍കുഞ്ഞ്‌.
ഞാനൊരാണെന്നതിനിനി
ഒരു കുറി വേണ്ട.
അവള്‍ വളര്‍ന്നേറട്ടെ,
നിഴല്‍മറകളില്‍, ആ ഉടല്‍
പൂകുമെന്‍ വിത്തുചാല്‍,
ആണ്‍പെരുമയുടെ മൃഗധ്വനി
മുഴങ്ങുമാ നിഴല്‍മറയില്‍,എന്‍
പുരുഷശേഷിയിന്‍ ശേഷഖണ്ഡം.
പുത്രിയെക്കൊണ്ടെന്താണിന്നു മെച്ചം:
താതനെറിയുന്ന കാകനോട്ടം,
മാംസം തേടുന്നൊരാങ്ങളക്കൈ,
ഒരാണ്‍പറ്റത്തിനു നഗരമദ്ധ്യേ
ഭേദിക്കാനൊരു നിറമേനി.
കനത്തുവരുന്നുണ്ടെങ്ങും
മുരുണ്ടുനില്‍ക്കും കൂറ്റനാടിന്‍ ചൂര്‌.

jayant 26.07.12,thumpoly

കൈത

കൈത

മുള്ളുണ്ട്‌. കൈതച്ചെടി
തൊട്ടുകൂടെന്നും മറ്റും
ചെറുപ്പത്തിലറിഞ്ഞിട്ടുണ്ട്‌,
അതിന്‍ പച്ചത്തഴപ്പില്‍
പാമ്പുകള്‍ പതിഞ്ഞിരിപ്പെന്നും.
ചെഞ്ചിന്തുകള്‍ നീട്ടി
കൈതപൂക്കള്‍ വിളിച്ചിട്ടും, അതാണ്‌
നോട്ടം ഒളികണ്ണിലടച്ചത്‌,എന്നിട്ട്‌
പൂതലിച്ച തഴപ്പായകളില്‍
കൈതയിഴ ചിക്കിത്തലോടി,
ഒരു പച്ചക്കൈതോല പോല്‍,
പറയാ കിന്നാരങ്ങള്‍ ചൊല്ലി.
ഇത്രയേറെ മുള്ളുനിരന്നിട്ടും,
എന്തേ കൈത തോടിറമ്പു-
വിട്ടോടിപ്പോയ്‌,ചെറുക്കാതെ?

jayant 21.08.2012

അമ്പലക്കിളികള്‍

അമ്പലക്കിളികള്‍

ദാവീദിണ്റ്റെ* മസ്മൂറുകളില്‍**

കുരുവികള്‍ കൂടിട്ട ബലിത്തറയുണ്ട്‌
മീവല്‍ക്കിളികള്‍ കുഞ്ഞിനെയൂട്ടി
കോവില്‍ക്കെട്ടില്‍ ഇളവേറ്റു.
സമരസത്തിണ്റ്റെയീ ദ്യോതകമൊരു
ജപമണിപോല്‍ ദാവീദുഴിഞ്ഞു.
പടകേറ്റത്തില്‍ ക്ഷേത്രമേധത്തില്‍
കല്ലിടിഞ്ഞവ പിന്നെ മറഞ്ഞുകാണും.
പലനാളകന്ന,വ ഹന്നാണ്റ്റെ***
ചന്തക്കൂടുകളില്‍ തിങ്ങിയിരിക്കാം
നസ്രായണ്റ്റെ**** കഥചൊല്ലലില്‍
ചേക്കേറാന്‍ ഒരു ചിറകടിദൂരത്ത്‌.
റോമരുടെ പടവിളികളില്‍
കോവിലെരിഞ്ഞ്‌, മടക്കമില്ലാതെ
മറഞ്ഞതിനും മുമ്പ്‌
അവിടെ കിളികളുണ്ടായിരുന്നു

*ദാവീദ്‌=ഇസ്രയേലിണ്റ്റെ ആദ്യത്തെ രാജാവ്‌.നിരവധി സങ്കീര്‍ത്തനങ്ങള്‍ രചിച്ചു.

**മസ്മൂറ്‍=സങ്കീര്‍ത്തനം
***ഹന്നാന്‍=ക്രിസ്തുവിണ്റ്റെ കാലത്തെ മുഖ്യപുരോഹിതന്‍
****നസ്രായന്‍=യേശുക്രിസ്തു