Category Archives: malayalam

പൂമരചോട്ടിലെ കിണര്‍

പൂമരചോട്ടിലെ കിണര്‍
പൂമരച്ചോട്ടിലൊരു കിണര്‍ നല്ലതാണ്‌-
അത്‌ എണ്ണച്ചായം തീര്‍ത്ത ചിത്രമെങ്കില്‍,
പൂവിറ്റു വീണു വെള്ളം ദുഷിച്ചാലു-
മത്‌ പുഷ്പവൃഷ്ടിയായിടില്‍,
ചുറ്റിടിച്ച്‌ വേരിഴഞ്ഞാലും
ഭൌമരതിഭാവങ്ങളായതറിഞ്ഞാല്‍,
ജലയുദ്ധങ്ങളില്‍ തൊട്ടികള്‍
കലമ്പുമ്പോള്‍ ചില്ലകളറ്റ്‌
മരം തീരാതെ നിന്നാല്‍, പിന്നെയും
തെളിനീരില്‍ മുഖം നോക്കി
ചുറ്റും പൂക്കളുതിര്‍ത്തുലഞ്ഞാല്‍
പൂമരച്ചോട്ടിലൊരു കിണര്‍ നല്ലതാണ്‌.
Advertisements

ഗുണ്ട

ഗുണ്ട
നീതിയുടെ ഏകതാനമാണ്‌ ഞാന്‍,
വികലബോധത്തിന്‍ വികല്‍പം,
ജീവസംഗമങ്ങളില്‍ ചാപിള്ളയായ്‌,
അപരണ്റ്റെ വാഴ്വില്‍ വൈരാഗിയായ്‌,
ഇളമയിലെ തളിര്‍ത്ത ദ്വേഷമായ്‌,
പകയ്ക്ക്‌ പണംമാത്രമുറവായ്‌;
ത്വരിതജീവിതം ലേലം വിളിക്കുമ്പോള്‍
മറുതടയുമടിയുമായ്‌ ഞാനുണ്ടാകണ-
മവിടെ പുതുന്യായത്തിന്‍ ചടുലതയായ്‌.
നാട്ടുചട്ടങ്ങള്‍ക്കാമവേഗമാകയാല്‍
വായുവേഗമായ്‌ ഞാന്‍ ഇരുമ്പിളക്കീടണം.

ഒളിക്യാമറകാലത്തെ പ്രണയം

ഒളിക്യാമറകാലത്തെ പ്രണയം
ക്യാമറയ്ക്ക്‌ കണ്ണുകള്‍ മാത്രമേവിടുള്ളൂ
ഒപ്പിയ കാര്യങ്ങള്‍ നീലപ്പല്ലുകള്‍
കാര്‍ന്നൂതിന്ന വഴികള്‍ താണ്ടിപോയിരിക്കും
രാഗത്തിന്‍ മൂര്‍ദ്ധാവില്‍ ലെന്‍സ്‌
അടുക്കുമ്പോള്‍ അതില്‍ നീമാത്രമേയുള്ളൂ, അവനില്ല.
നിന്‍ പ്രണയപീഢ വായടക്കമറ്റതും
പ്രേമാര്‍ച്ചന മെയ്മറന്നതും
ചെല്ലപ്പേരുകള്‍ പേറി ലോകം ചുറ്റും
ഓര്‍മ്മച്ചിപ്പുകള്‍ മറിഞ്ഞും, ചിത്ര
ക്കുഴലുകളില്‍ പടര്‍ന്നുംകൈത്തലത്തില്‍ ഭോഗദ്രവ്യമായ്‌.

അടുപ്പും അടുപ്പവും

“അടുപ്പും അടുപ്പവും”

പക്കത്തെ വീട്ടില്‍
അടുക്കളപ്പുക കണ്ടിട്ടില്ല
എങ്കിലും,
അടുപ്പു കൂട്ടാതെ ചോറാവാതെ
അവരൊടുങ്ങിയെന്നറിഞ്ഞില്ല.
ഗ്യാസടുപ്പിണ്റ്റെയീക്കാലത്ത്‌
പുകയാത്തൊരടുക്കള
അവരെയൂട്ടുന്നെന്നു ഞാന്‍ ധരിച്ചു,
അത്രേയുള്ളൂ.


പ്ളാസ്തികം

പ്ളാസ്തികം

ഉണ്ണിച്ചുണ്ടിന്‌ പാല്‍ഞ്ഞെട്ടായ്‌
കളിക്കോപ്പുകള്‍ക്കാടയായ്‌
അന്നത്തട്ടായ്‌, വരക്കോലായ്‌
ചെപ്പായ്‌, ചിപ്പായ്‌,യന്ത്രമായ്‌
പങ്കയായ്‌,ഇരിപ്പിനിടമായ്‌
ഉള്ളം പകര്‍ത്തുന്ന ചാലകത്തോടായ്‌
ഗര്‍ഭഭംഗമായ്‌ ജീവരക്ഷയായ്‌
പലചരക്കുറങ്ങുന്ന വാണിഭത്തോലായ്‌
എന്തുമായിടാമൊരു കയര്‍ത്തുണ്ടായ്‌
വൃദ്ധകാലത്തിനിണങ്ങുന്ന താങ്ങിയായ്‌
ശ്വാസവിടുതലളന്നിളകുന്ന മാപിനിത്താളമായ്‌
സര്‍പ്പിളസമയത്തിന്‍ കാല്‍ത്താരിയായ്‌
ഒടുവിലീ ധരയില്‍ അജീര്‍ണ്ണമായ്‌
ഉയിര്‍കൊണ്ടതൊടുങ്ങും നാളത്രയും
എന്തുമായ്‌ വഴങ്ങും പ്ളാസ്തിക-
മെന്‍ ജന്‍മം.

ഉന്മീലനം

ഉന്മീലനം

പാറക്കുരുത്തില്‍
കല്ലുളിയാട്ടം,
ശിലാലോലം
വഴിങ്ങിയിറക്കം.
ഉണരുന്ന തലപ്പ്
തെളിയുന്ന പരപ്പ്
ചാറുന്ന പുഞ്ചിരിച്ചാറ്
മന്ത്രത്തെളിമയില്‍
ചിന്തിയെന്‍ കണ്‍തുറപ്പി-
നി കല്‍രൂപമല്ല ഞാന്‍
മിഴിയില്‍ ഉയിര്‍വഴിയും
ദേവന്‍ സുനേത്രന്‍