Category Archives: poem

പത്രാധിപര്‍ക്കുള്ള കത്ത്‌

പത്രാധിപര്‍ക്കുള്ള കത്ത്‌

 പെരിയബഹുമാനപ്പെട്ട സാര്‍,

വാര്‍ത്തവായിച്ചിട്ടെഴുതുന്നതല്ല,

പ്രവാസത്തിണ്റ്റെയിടക്കാലത്ത്‌

അറിയാഞ്ഞ വാര്‍ത്തയന്വേഷണം.

അമ്പത്തൊന്ന്‌ വെട്ടിലെ ചോര-

യുണങ്ങിയെല്ലവരും പിരിഞ്ഞോ,

ഊരുകാക്കും മലയിടങ്ങള്‍

തേടിയിന്നും തിരച്ചില്‍പ്പടയുണ്ടോ,

നഖങ്ങള്‍ മഷിത്തുമ്പായും കണ്ണ്‌

ക്യാമറയാക്കിയും മണപ്പിച്ചോടിയ       നായ്ക്കളും?

ദില്ലിയിലെ ആ ബസ്‌ കഴുകി

തിരിച്ചുകൊടുത്തോ, അതിണ്റ്റെ ലിവറും?

പിതൃകാമനകളുടെ തിരക്കഥകള്‍

ദിവസവും എറിവേറിവരുന്നുണ്ടല്ലോ?

കസ്റ്റഡിയില്‍ വാങ്ങി മടക്കി നല്‍കാഞ്ഞ

ഗതികെട്ടോരുടെ ശേഷക്രിയയ്ക്കു പോയിരുന്നോ?

കല്‍ക്കരിപ്പാടങ്ങളുടെ കാര്യം

കരിപുരണ്ട്‌ വെളിച്ചം മുട്ടിയതല്ലല്ലോ?

രണ്ടാം തലമുറയിലെ* തരംഗരാജികള്‍

ചുളുവിലയ്ക്കിനിയും കിട്ടുമോ,

അതോ മൂന്നാം തലമുറയിലേക്ക്‌**

ഞാന്‍ കടക്കണോ?

പുതിയപത്രക്കച്ചവടക്കാരാ,

പഴയപത്രക്കെട്ടുകള്‍

ആക്രികച്ചവടത്തിനയക്കയാല്‍

നിണ്റ്റെ ആവേശങ്ങള്‍ എനിക്കോര്‍മ്മയില്ല.

മാറിക്കൈപ്പറ്റിയതാണെങ്കില്‍

ഈ കുറി മടക്കളൂ,

ഞാനിവിടെത്തന്നെയുണ്ട്‌.

*2G=Second Generation;**3G

അടുപ്പും അടുപ്പവും

“അടുപ്പും അടുപ്പവും”

പക്കത്തെ വീട്ടില്‍
അടുക്കളപ്പുക കണ്ടിട്ടില്ല
എങ്കിലും,
അടുപ്പു കൂട്ടാതെ ചോറാവാതെ
അവരൊടുങ്ങിയെന്നറിഞ്ഞില്ല.
ഗ്യാസടുപ്പിണ്റ്റെയീക്കാലത്ത്‌
പുകയാത്തൊരടുക്കള
അവരെയൂട്ടുന്നെന്നു ഞാന്‍ ധരിച്ചു,
അത്രേയുള്ളൂ.


പ്ളാസ്തികം

പ്ളാസ്തികം

ഉണ്ണിച്ചുണ്ടിന്‌ പാല്‍ഞ്ഞെട്ടായ്‌
കളിക്കോപ്പുകള്‍ക്കാടയായ്‌
അന്നത്തട്ടായ്‌, വരക്കോലായ്‌
ചെപ്പായ്‌, ചിപ്പായ്‌,യന്ത്രമായ്‌
പങ്കയായ്‌,ഇരിപ്പിനിടമായ്‌
ഉള്ളം പകര്‍ത്തുന്ന ചാലകത്തോടായ്‌
ഗര്‍ഭഭംഗമായ്‌ ജീവരക്ഷയായ്‌
പലചരക്കുറങ്ങുന്ന വാണിഭത്തോലായ്‌
എന്തുമായിടാമൊരു കയര്‍ത്തുണ്ടായ്‌
വൃദ്ധകാലത്തിനിണങ്ങുന്ന താങ്ങിയായ്‌
ശ്വാസവിടുതലളന്നിളകുന്ന മാപിനിത്താളമായ്‌
സര്‍പ്പിളസമയത്തിന്‍ കാല്‍ത്താരിയായ്‌
ഒടുവിലീ ധരയില്‍ അജീര്‍ണ്ണമായ്‌
ഉയിര്‍കൊണ്ടതൊടുങ്ങും നാളത്രയും
എന്തുമായ്‌ വഴങ്ങും പ്ളാസ്തിക-
മെന്‍ ജന്‍മം.

ഉന്മീലനം

ഉന്മീലനം

പാറക്കുരുത്തില്‍
കല്ലുളിയാട്ടം,
ശിലാലോലം
വഴിങ്ങിയിറക്കം.
ഉണരുന്ന തലപ്പ്
തെളിയുന്ന പരപ്പ്
ചാറുന്ന പുഞ്ചിരിച്ചാറ്
മന്ത്രത്തെളിമയില്‍
ചിന്തിയെന്‍ കണ്‍തുറപ്പി-
നി കല്‍രൂപമല്ല ഞാന്‍
മിഴിയില്‍ ഉയിര്‍വഴിയും
ദേവന്‍ സുനേത്രന്‍