Category Archives: rape

പത്രാധിപര്‍ക്കുള്ള കത്ത്‌

പത്രാധിപര്‍ക്കുള്ള കത്ത്‌

 പെരിയബഹുമാനപ്പെട്ട സാര്‍,

വാര്‍ത്തവായിച്ചിട്ടെഴുതുന്നതല്ല,

പ്രവാസത്തിണ്റ്റെയിടക്കാലത്ത്‌

അറിയാഞ്ഞ വാര്‍ത്തയന്വേഷണം.

അമ്പത്തൊന്ന്‌ വെട്ടിലെ ചോര-

യുണങ്ങിയെല്ലവരും പിരിഞ്ഞോ,

ഊരുകാക്കും മലയിടങ്ങള്‍

തേടിയിന്നും തിരച്ചില്‍പ്പടയുണ്ടോ,

നഖങ്ങള്‍ മഷിത്തുമ്പായും കണ്ണ്‌

ക്യാമറയാക്കിയും മണപ്പിച്ചോടിയ       നായ്ക്കളും?

ദില്ലിയിലെ ആ ബസ്‌ കഴുകി

തിരിച്ചുകൊടുത്തോ, അതിണ്റ്റെ ലിവറും?

പിതൃകാമനകളുടെ തിരക്കഥകള്‍

ദിവസവും എറിവേറിവരുന്നുണ്ടല്ലോ?

കസ്റ്റഡിയില്‍ വാങ്ങി മടക്കി നല്‍കാഞ്ഞ

ഗതികെട്ടോരുടെ ശേഷക്രിയയ്ക്കു പോയിരുന്നോ?

കല്‍ക്കരിപ്പാടങ്ങളുടെ കാര്യം

കരിപുരണ്ട്‌ വെളിച്ചം മുട്ടിയതല്ലല്ലോ?

രണ്ടാം തലമുറയിലെ* തരംഗരാജികള്‍

ചുളുവിലയ്ക്കിനിയും കിട്ടുമോ,

അതോ മൂന്നാം തലമുറയിലേക്ക്‌**

ഞാന്‍ കടക്കണോ?

പുതിയപത്രക്കച്ചവടക്കാരാ,

പഴയപത്രക്കെട്ടുകള്‍

ആക്രികച്ചവടത്തിനയക്കയാല്‍

നിണ്റ്റെ ആവേശങ്ങള്‍ എനിക്കോര്‍മ്മയില്ല.

മാറിക്കൈപ്പറ്റിയതാണെങ്കില്‍

ഈ കുറി മടക്കളൂ,

ഞാനിവിടെത്തന്നെയുണ്ട്‌.

*2G=Second Generation;**3G

Advertisements

സ്ഥലനാമിക

സ്ഥലനാമിക

ഒരു നാടിന്‍ പേര്‌
ഓര്‍മ്മയിഴകള്‍ മുറിയാതെ
പിറകൊണ്ടു പുലരുന്നു,
വിദൂരകാലത്തൂന്ന്‌ തൊടുന്നെന്നെ.
ദേവചരിതമോ,വീരേതിഹാസമോ,
ഭൂവിശേഷമോ,കരിങ്കഥനമോ,
സര്‍ക്കാര്‍വക പോലുമോ
സ്ഥലനാമമൊന്നു ചാര്‍ത്താം.
പ്രതീതസൌഹൃദങ്ങളീക്കാലത്ത്‌
വാഴ്‌വിടങ്ങളെ അപ്രസക്തമാക്കുന്നു.
ശരീരദാഹങ്ങള്‍ക്കൊഴിച്ചാല്‍
സ്പര്‍ശ്യസാമീപ്യം വേണ്ടയൊട്ടും.
അങ്ങനെ സ്ഥലനാമങ്ങള്‍
പുതിയൊരു നിര്‍മ്മിതി തേടുന്നു.
നാടിന്‍ പേരുചേര്‍ത്ത്‌
ചതഞ്ഞരഞ്ഞ പെണ്ണിതളുകളെ
വിളിക്കാനതാണ്‌ വ്യാകരണം.
അങ്ങനെ കുറിക്കുമ്പോള്‍, ആ നാട്‌
വീടു,മവളുടെ കളിത്തട്ടുകളും
മധുരവായുവും,കിന്നരിക്കും തൊടിയും
ചേര്‍ത്തല്ല നാമറിയുന്നത്‌;
അവളെന്നൊരുടല്‍ ഭോഗബലിക്കായ്‌
ആദ്യമായ്‌ വലിച്ചിറക്കപ്പെട്ടയിടമെന്നാണ്‌.
jayant 29.07.12,thumpoly 

പിതൃകാമേഷ്ടി

പിതൃകാമേഷ്ടി
എനിക്കൊരു കുഞ്ഞു പിറന്നു,
ഒരു പെണ്‍കുഞ്ഞ്‌.
ഞാനൊരാണെന്നതിനിനി
ഒരു കുറി വേണ്ട.
അവള്‍ വളര്‍ന്നേറട്ടെ,
നിഴല്‍മറകളില്‍, ആ ഉടല്‍
പൂകുമെന്‍ വിത്തുചാല്‍,
ആണ്‍പെരുമയുടെ മൃഗധ്വനി
മുഴങ്ങുമാ നിഴല്‍മറയില്‍,എന്‍
പുരുഷശേഷിയിന്‍ ശേഷഖണ്ഡം.
പുത്രിയെക്കൊണ്ടെന്താണിന്നു മെച്ചം:
താതനെറിയുന്ന കാകനോട്ടം,
മാംസം തേടുന്നൊരാങ്ങളക്കൈ,
ഒരാണ്‍പറ്റത്തിനു നഗരമദ്ധ്യേ
ഭേദിക്കാനൊരു നിറമേനി.
കനത്തുവരുന്നുണ്ടെങ്ങും
മുരുണ്ടുനില്‍ക്കും കൂറ്റനാടിന്‍ ചൂര്‌.

jayant 26.07.12,thumpoly