കലാപലാഭങ്ങള്‍

കലാപലാഭങ്ങള്‍

നിറയൊഴിഞ്ഞിട്ടും

തിരയൊഴിയാത്തൊരു

കടലളവില്‍ എന്നില്‍

വന്നും പോയുമിരിക്കുന്നു-

നിരവിട്ട്‌ മലച്ച

വെടിച്ചീള്‌ കുറിച്ച

കപാലസ്മൃതികള്‍;

അതിലൊന്നെന്നമ്മ,

പിന്നെയഛന്‍,പിന്നെ

അടുത്തോരുമറിവോരും.

ശേഷക്രിയകളുടെ ആണ്ടുവരവില്‍

ഒരൊറ്റത്തീയതിയില്‍

ഓര്‍മ്മകളൊതുക്കാം;

എമ്പാടും ചിതറിക്കാതെ

രക്തസ്മരണകളെ

കനപ്പെടുത്തിത്തന്ന

കലാപങ്ങളേ,പെരുങ്കൊലകളേ

നിങ്ങള്‍ക്കു നന്ദി.

ps: inspired by the loss of life in an internecine conflict in northeast india, as the person told me, the one who lost her mother and father to the firing squad…

Advertisements

മംഗോള്‍രാഗങ്ങള്‍

മംഗോള്‍രാഗങ്ങള്‍

ഇറുകിയ കണ്ണിടത്തില്‍

നിതാന്ത ധ്യാനമുദ്ര,

കടംകൊണ്ടു നേറ്‍ത്ത്‌

മറയുന്ന തനിമകള്‍,

രസഭേദങ്ങള്‍ പകര്‍ത്താതെ

രാഗങ്ങളില്‍ നാദക്ളിഷ്ടം,

മുളങ്കുഴലൂന്നി ഇടയഗീതങ്ങള്‍,

മന്ത്രക്കൊടിയുടെ താളത്തല്ലില്‍

സംഘജപങ്ങളുടെ മൂളക്കം,

വാക്കിന്‍ തുറകളടച്ച്‌

ഞെരുങ്ങും അനുനാസികങ്ങള്‍,

പോറ്‍ത്തിളക്കത്തിന്‍ തീനോട്ടം.

അയയാന്‍ മടിക്കുമൊരു

ഏകാന്തതന്തുവില്‍

കാലം കലരാത്ത മംഗോള്‍രാഗം.

 

(ps:inspired by my life experiences with the loving people of Arunachal)

മാട്രിമോനും മാട്രിമോളും

മാട്രിമോനും മാട്രിമോളും

കെട്ടിച്ചയക്കാന്‍ പടച്ചവര്‍ക്കില്ലാത്ത

പിടപ്പാണ്‌ മാട്രിമോണിയലിന്‌.

ഊനം തീര്‍ത്ത ഫോട്ടോയുടെ മുഖക്കുറി,

സര്‍വ്വാംഗമഹിമയുടെ സംക്ഷിപ്തം,

ഊരും പേരും കുലപ്പേരും

പഠിപ്പും തൊങ്ങലുമെല്ലാം

തിക്കിയൊതുക്കിയ നീയാകും ആമാടപ്പെട്ടിയെ

ഒരു വ്യവഹാരസംഖ്യയായ്‌ ചമയ്ക്കും;

ആ സംഖ്യയില്‍ നിണ്റ്റെ പരംപൊരുള്‍

തെല്ലും ചോരാതുണ്ടെന്നു വരുത്തും.

സാങ്കേതികത്തികവും ലാവണ്യ-

ശാസ്ത്രവും ചേര്‍ന്നിട്ടും

കോടതിത്തിണ്ണകള്‍

വേറിട്ടുനീങ്ങും

പാദമുദ്രകള്‍ കുറിക്കുന്നു.

നൂലഴികള്‍

നൂലഴികള്‍

ഇപ്പോഴും സൂചികള്‍ വില്‍ക്കപ്പെടുന്നു-

ആശ്ചര്യം തന്നെയത്‌.

കീറപ്പാടുകള്‍ ഇഴയടുക്കാത്ത

പുത്തന്‍ തയ്പും തുണീം,

പോറ്‍മുന കോറും

മറയാ ഛേദക്കുറികള്‍,

നൂലുമായ്‌ കൈ ഓടാന്‍

തികച്ചു കിടയാ സമയം,

തുന്നാന്‍ കൊതിക്കുന്ന

അമ്മവിരല്‍ അറ്റത്‌-

എന്നിട്ടും സൂചികള്‍ വില്‍ക്കപ്പെടുന്നു

ആരൊക്കെയോ തയ്ക്കുന്നു.

ദുര്‍യോഗനിദ്രദുര്‍യോഗനിദ്ര

സത്നാം,നിണ്റ്റെ പേര്‌
വ്യാകരിക്കാന്‍ അറിവില്ലെനിക്ക്‌,
എങ്കിലും സല്‍പ്പേരെന്നൊരു
ധ്വനിയതിലുണ്ടെന്ന്‌ നിനക്കട്ടെ.

ചിത്തവൃത്തിനിരോധം യോഗ-

മെന്നു പതഞ്ജലീപദം;

ചിത്തമില്ലാത്തതോ,വൃത്തിയില്ലാത്തതോ-

ഏതാണ്‌ നിന്‍ ദുര്യോഗം?

ഗയ-ബോധിവൃക്ഷങ്ങളുടെ
ഊയല്‍ വേരിലാടിയ
നരഗരിമയുടെ നിര്‍വേദസ്മൃതി
മീമാംസകളുടെ ചിറയില്‍ തച്ചുടയുന്നു.

ഗയ-നിണ്റ്റെ നാടെന്ന്‌

പത്രത്താള്‍ പറയുന്നത്‌,

ഊരുവിലക്കില്‍ ആര്യസത്യങ്ങള്‍

പിന്നിട്ടുപോയൊരു നാട്‌.

ജടയും ജാടയും യോഗസിദ്ധം;
മറുത്തവ ക്ഷൌരം ചെയ്യും
അച്ചടക്കത്തിന്‍ മൊത്തവാണിഭ-
മേല്‍ക്കും കുലശ്രേഷ്ഠര്‍.

കുഴകള്‍ തിരിച്ച്‌ അവര്‍ നിന്നെ

ചിരിപ്പാവകളിലൊന്നായ്‌ നിരത്തും.

വികടകാലത്തിന്‍ ലാസ്യത്തില്‍

വിടച്ചിരി ചിരിക്കാനൊരുക്കും.

കുതറിയാല്‍ അവര്‍ നിന്നെ
മുഴക്കോല്‍ ചേര്‍ത്തുടയ്ക്കും;
ഊമയടികളില്‍ കുഴഞ്ഞ്‌

വെള്ളത്തിനായ്‌ നീയിഴയും.

കണ്ണീര്‍ത്തുമ്പ്‌ തേടി പ്രിയരെത്തുമ്പോള്‍

കുറഞ്ഞത്‌ മൂന്നു കാരണങ്ങളെങ്കിലും

നിന്നെ മരിപ്പിച്ചിരിക്കാമെന്നവര്‍ പറയും,

ആര്‍ക്കുമറിയാത്ത മൂന്നു കാരണങ്ങള്‍.

നിയമമറിയാതൊരു കൊല,
കഥമെനയാനൊരു പ്രേതഗണിതം,
കഥപാടാന്‍ നാവായിരം.

സത്നാം, ഞാനിരക്കുന്നൊരു മാപ്പ്‌.

Satnam Singh Mann was killed on 05.08.12. read the following links for further details

പുരുഷാര്‍ഥം

പുരുഷാര്‍ഥം
വേദവിന്യാസം പോലുള്ള
ജീവിതങ്ങളെ തപശ്ചര്യകളുടെ
കൈപ്പുസ്തകങ്ങളില്‍ കൊരുത്തു
നോക്കി ഞാനിരിക്കുന്നു.
ഹൃദയം തീണ്ടാതെ,
ലക്ഷണമെത്താതെ,
കപിലവര്‍ണ്ണം പുതച്ചൊരു
തപവാഴ്വില്‍ താപം
കുറയ്ക്കാന്‍ വഴി തേടുന്നു.
വര്‍ണ്ണഭേദങ്ങളിലും ഇഴചേരാന്‍,
തൃഷ്ണകള്‍ നിവര്‍ത്തീട്ട
ആളൊഴിഞ്ഞിടപ്പാതകള്‍.
കണ്‍മറവില്‍ പാപപ്പരുങ്ങലില്ല,
രാത്തിരകള്‍ അടിച്ചാര്‍ത്ത
ഉടലില്‍ കാണ്‍കെ ക്ഷതങ്ങളില്ല.
ഇരവടുക്കുവോളം കുറുകലൊതുക്കി
ജപനേരം എക്കിള്‍ ആറ്‍ക്കുന്നു.
ദീക്ഷയെന്നു നിനച്ചൊരു വാഴ്വില്‍
ഒന്നാം പദമേ ദീക്ഷാന്തമായിടില്‍
പിന്നെ രാക്കുളിരില്‍ കരിമ്പടം പൂട്ടി
ആത്മാവിന്‍ ഇരുണ്ടിരവുകളെ
വെളിച്ചക്കടലില്‍ മുക്കാം,
എണ്റ്റെ തൊടിയിലെ എണ്റ്റെ കടലില്‍,
എണ്റ്റെ തൃക്കാപ്പഴിച്ചു ഞാനും
നിണ്റ്റേതഴിച്ചു നീയും.

സ്ഥലനാമിക

സ്ഥലനാമിക

ഒരു നാടിന്‍ പേര്‌
ഓര്‍മ്മയിഴകള്‍ മുറിയാതെ
പിറകൊണ്ടു പുലരുന്നു,
വിദൂരകാലത്തൂന്ന്‌ തൊടുന്നെന്നെ.
ദേവചരിതമോ,വീരേതിഹാസമോ,
ഭൂവിശേഷമോ,കരിങ്കഥനമോ,
സര്‍ക്കാര്‍വക പോലുമോ
സ്ഥലനാമമൊന്നു ചാര്‍ത്താം.
പ്രതീതസൌഹൃദങ്ങളീക്കാലത്ത്‌
വാഴ്‌വിടങ്ങളെ അപ്രസക്തമാക്കുന്നു.
ശരീരദാഹങ്ങള്‍ക്കൊഴിച്ചാല്‍
സ്പര്‍ശ്യസാമീപ്യം വേണ്ടയൊട്ടും.
അങ്ങനെ സ്ഥലനാമങ്ങള്‍
പുതിയൊരു നിര്‍മ്മിതി തേടുന്നു.
നാടിന്‍ പേരുചേര്‍ത്ത്‌
ചതഞ്ഞരഞ്ഞ പെണ്ണിതളുകളെ
വിളിക്കാനതാണ്‌ വ്യാകരണം.
അങ്ങനെ കുറിക്കുമ്പോള്‍, ആ നാട്‌
വീടു,മവളുടെ കളിത്തട്ടുകളും
മധുരവായുവും,കിന്നരിക്കും തൊടിയും
ചേര്‍ത്തല്ല നാമറിയുന്നത്‌;
അവളെന്നൊരുടല്‍ ഭോഗബലിക്കായ്‌
ആദ്യമായ്‌ വലിച്ചിറക്കപ്പെട്ടയിടമെന്നാണ്‌.
jayant 29.07.12,thumpoly