Tag Archives: ether

ഭൂമിദോഷം

ഭൂമിദോഷം

തീയൊരുമ്പെട്ടാല്‍ മറുത്തൊന്നുമില്ല,

തീ തൊട്ടതൊക്കെയും തീയായ്ത്തീരും.

തന്‍വഴി തേടാന്‍ തീയ്ക്കെളുപ്പം-

മറഞ്ഞിരുന്നെവിടെയും പൊന്തുന്ന തീ.

നീര്‍,തടകളില്‍ കലിച്ചു നില്‍ക്കും

കവിഞ്ഞൊഴുക്കിനിട തേടി,

കുഴിവ്‌ പരതും ആദിബോധം,

കണ്ണെത്താത്ത ജലകഥപ്പരപ്പ്‌.

വായു,വാതരാശികളുടെ ആദ്യതാളം,

താളപ്പെരുക്കത്തിന്‍ തന്നിഷ്ടം,

ചുഴറ്റിപ്പരത്തി മന്ത്രമുദ്രയില്‍

മറുഭാവങ്ങളെ കാട്ടുന്ന വായു.

ആകാശം,നിതാന്തമസാന്നിധ്യം,

പിടിതരാതെ ചൂഴ്ന്നുനില്‍ക്കുന്നത്‌,

കാഴ്ചയുടെ മണ്ഡലാന്തങ്ങള്‍,

നാമിനിയും മുടിക്കാത്ത ആകാശം.

ഭൂമി,ഉഭയാര്‍ത്ഥങ്ങളില്ലാത്ത പൊരുള്‍;

ചവിട്ടേറ്റും,പിളര്‍ന്നും,വിഴുപ്പേറ്റും,

തൊലിവെന്തും,ആടയടര്‍ന്നും

രക്ഷതേടാത്‌,ഒളിപൂകാതവിടുള്ളത്‌.

പഞ്ചഭൂതങ്ങളില്‍ ഭൂമിക്കൊരു

ദോഷമുണ്ട്‌:കഥചൊല്ലി പഴിക്കാതെ,

ഒരിക്കലും പിന്‍വലിയാതെ

മനുഷ്യനിടമാകമെന്നൊരു നിനവ്‌.