Tag Archives: kerala

പത്രാധിപര്‍ക്കുള്ള കത്ത്‌

പത്രാധിപര്‍ക്കുള്ള കത്ത്‌

 പെരിയബഹുമാനപ്പെട്ട സാര്‍,

വാര്‍ത്തവായിച്ചിട്ടെഴുതുന്നതല്ല,

പ്രവാസത്തിണ്റ്റെയിടക്കാലത്ത്‌

അറിയാഞ്ഞ വാര്‍ത്തയന്വേഷണം.

അമ്പത്തൊന്ന്‌ വെട്ടിലെ ചോര-

യുണങ്ങിയെല്ലവരും പിരിഞ്ഞോ,

ഊരുകാക്കും മലയിടങ്ങള്‍

തേടിയിന്നും തിരച്ചില്‍പ്പടയുണ്ടോ,

നഖങ്ങള്‍ മഷിത്തുമ്പായും കണ്ണ്‌

ക്യാമറയാക്കിയും മണപ്പിച്ചോടിയ       നായ്ക്കളും?

ദില്ലിയിലെ ആ ബസ്‌ കഴുകി

തിരിച്ചുകൊടുത്തോ, അതിണ്റ്റെ ലിവറും?

പിതൃകാമനകളുടെ തിരക്കഥകള്‍

ദിവസവും എറിവേറിവരുന്നുണ്ടല്ലോ?

കസ്റ്റഡിയില്‍ വാങ്ങി മടക്കി നല്‍കാഞ്ഞ

ഗതികെട്ടോരുടെ ശേഷക്രിയയ്ക്കു പോയിരുന്നോ?

കല്‍ക്കരിപ്പാടങ്ങളുടെ കാര്യം

കരിപുരണ്ട്‌ വെളിച്ചം മുട്ടിയതല്ലല്ലോ?

രണ്ടാം തലമുറയിലെ* തരംഗരാജികള്‍

ചുളുവിലയ്ക്കിനിയും കിട്ടുമോ,

അതോ മൂന്നാം തലമുറയിലേക്ക്‌**

ഞാന്‍ കടക്കണോ?

പുതിയപത്രക്കച്ചവടക്കാരാ,

പഴയപത്രക്കെട്ടുകള്‍

ആക്രികച്ചവടത്തിനയക്കയാല്‍

നിണ്റ്റെ ആവേശങ്ങള്‍ എനിക്കോര്‍മ്മയില്ല.

മാറിക്കൈപ്പറ്റിയതാണെങ്കില്‍

ഈ കുറി മടക്കളൂ,

ഞാനിവിടെത്തന്നെയുണ്ട്‌.

*2G=Second Generation;**3G

Advertisements

സിസെരായുടെ അമ്മ

സിസെരായുടെ അമ്മ

സിസെരാ,

കല്ലിച്ച യൂദക്കണ്ണുകളില്‍

ഒടുക്കദൃശ്യമായ്‌ പടര്‍ന്നവന്‍.

ഇരുപതാണ്ടിന്‍ അടര്‍-

ക്കലി തീര്‍ത്ത രക്തത്തടങ്ങളില്‍

ഉയിര്‍ച്ചേതങ്ങളുടെ കണക്കലട്ടാതെ

ഇളംചോര തേടിയ മരണവ്യാപ്തി.

ഇരപക്ഷ കഥയാണിത്‌.

മറുപക്ഷകഥകളിലവന്‍ യുദ്ധവീരന്‍.

തേരറിഞ്ഞ്‌, നേരറിഞ്ഞ്‌

കാനായസീമകള്‍ നീട്ടിപ്പടച്ചവന്‍.

കനപെട്ട അടിമവാഞ്ഛകള്‍

ഊതിക്കാച്ചിയൊരു കൂടാരക്കുറ്റി

ഒരു യൂദപ്പെണ്ണിന്‍ തളിര്‍ക്കയ്യേറി

ചെന്നി തുളയ്ക്കുമ്പോള്‍,

ഇല്ലം കാണാതവനൊടുങ്ങുമ്പോള്‍,

മദ്യാലസ്യം വിട്ടുണര്‍ന്നിരുന്നില്ല.

സിസെരായുടെ അമ്മ,

വളര്‍ത്തുദോഷങ്ങളുടെ ഒഴുക്കുചാല്‍.

വീടണയാന്‍ വൈകും മകനായ്‌

ജാലകവഴിയേ കണ്‍കോര്‍ത്തവള്‍.

കൊള്ളമുതലും അടിയാട്ടികളും

വീതിക്കാനാകും വിളംബമെന്നുറച്ച്‌,

തന്നെ പൊന്നില്‍ കുളിപ്പിക്കാന്‍

മകന്‍ വരിലെന്നറിഞ്ഞൊടുക്കം,

ജൂതപഴങ്കഥ ചൊല്ലുംപോല്‍,

നൂറ്റൊന്നാവര്‍ത്തി കരഞ്ഞവള്‍-

പുത്രവിയോഗന്യായത്തിലൊന്ന്‌,പിന്നെ

നഷ്ടങ്ങളോര്‍ത്ത്‌ ദുരചുരത്തിയ നൂറും.

ഇന്നും ജൂതതഴക്കങ്ങളില്‍ ആണ്ടുപിറയ്ക്ക്‌

നൂറ്‌ കുഴല്‍വിളിച്ച്‌ മാതൃ-

മാതൃകകളില്‍ ക്ഷതമേല്‍പ്പിച്ചയീ

പിറവിപ്പിഴകളോര്‍ക്കുന്നു.

 

സിസെരായും അമ്മയും,

ചരിത്രമുനകളില്‍ തറഞ്ഞുപോയവര്‍;

ഇനിയുമെത്ര മുനകള്‍ നീണ്ട്‌…

കുടുങ്ങാനിനിയുമെത്ര…

*ബൈബിളിലെ ന്യായാധിപന്‍മാരുടെ പുസ്തകം അദ്ധ്യായം 4 സിസെരാ എന്ന കാനാന്യ യുദ്ധപ്രഭുവിണ്റ്റെ ചിത്രം നല്‍കുന്നു…

മംഗോള്‍രാഗങ്ങള്‍

മംഗോള്‍രാഗങ്ങള്‍

ഇറുകിയ കണ്ണിടത്തില്‍

നിതാന്ത ധ്യാനമുദ്ര,

കടംകൊണ്ടു നേറ്‍ത്ത്‌

മറയുന്ന തനിമകള്‍,

രസഭേദങ്ങള്‍ പകര്‍ത്താതെ

രാഗങ്ങളില്‍ നാദക്ളിഷ്ടം,

മുളങ്കുഴലൂന്നി ഇടയഗീതങ്ങള്‍,

മന്ത്രക്കൊടിയുടെ താളത്തല്ലില്‍

സംഘജപങ്ങളുടെ മൂളക്കം,

വാക്കിന്‍ തുറകളടച്ച്‌

ഞെരുങ്ങും അനുനാസികങ്ങള്‍,

പോറ്‍ത്തിളക്കത്തിന്‍ തീനോട്ടം.

അയയാന്‍ മടിക്കുമൊരു

ഏകാന്തതന്തുവില്‍

കാലം കലരാത്ത മംഗോള്‍രാഗം.

 

(ps:inspired by my life experiences with the loving people of Arunachal)

മാട്രിമോനും മാട്രിമോളും

മാട്രിമോനും മാട്രിമോളും

കെട്ടിച്ചയക്കാന്‍ പടച്ചവര്‍ക്കില്ലാത്ത

പിടപ്പാണ്‌ മാട്രിമോണിയലിന്‌.

ഊനം തീര്‍ത്ത ഫോട്ടോയുടെ മുഖക്കുറി,

സര്‍വ്വാംഗമഹിമയുടെ സംക്ഷിപ്തം,

ഊരും പേരും കുലപ്പേരും

പഠിപ്പും തൊങ്ങലുമെല്ലാം

തിക്കിയൊതുക്കിയ നീയാകും ആമാടപ്പെട്ടിയെ

ഒരു വ്യവഹാരസംഖ്യയായ്‌ ചമയ്ക്കും;

ആ സംഖ്യയില്‍ നിണ്റ്റെ പരംപൊരുള്‍

തെല്ലും ചോരാതുണ്ടെന്നു വരുത്തും.

സാങ്കേതികത്തികവും ലാവണ്യ-

ശാസ്ത്രവും ചേര്‍ന്നിട്ടും

കോടതിത്തിണ്ണകള്‍

വേറിട്ടുനീങ്ങും

പാദമുദ്രകള്‍ കുറിക്കുന്നു.

നൂലഴികള്‍

നൂലഴികള്‍

ഇപ്പോഴും സൂചികള്‍ വില്‍ക്കപ്പെടുന്നു-

ആശ്ചര്യം തന്നെയത്‌.

കീറപ്പാടുകള്‍ ഇഴയടുക്കാത്ത

പുത്തന്‍ തയ്പും തുണീം,

പോറ്‍മുന കോറും

മറയാ ഛേദക്കുറികള്‍,

നൂലുമായ്‌ കൈ ഓടാന്‍

തികച്ചു കിടയാ സമയം,

തുന്നാന്‍ കൊതിക്കുന്ന

അമ്മവിരല്‍ അറ്റത്‌-

എന്നിട്ടും സൂചികള്‍ വില്‍ക്കപ്പെടുന്നു

ആരൊക്കെയോ തയ്ക്കുന്നു.